September 18, 2013

തിരിച്ചു വരവ് ..



കർക്കിടക വാവ് ബലിക്ക് ശ്രാദ്ധമുട്ടി മക്കൾ വിളിച്ചപ്പോൾ മുതലൊരാഗ്രഹം ..
ഭൂമിയിൽ  ജനിച്ചു വളർന്നു മരിച്ചു മണ്ണടിഞ്ഞ ആ ഇടം ഒന്ന് കൂടി കാണണം എന്ന്.

ചിത്ര ഗുപ്തന്റെ കണക്കു പ്രകാരം ..വീണ്ടും ജനിക്കേണ്ട സമയം ആകുന്നു അതിനു മുൻപേ ഭൂമിവരെ ഒന്ന് പോകാൻ അനുവാദം ചോദിച്ചു കരഞ്ഞു കേണപേക്ഷിച്ചി ട്ടാണ് കുറച്ചു സമയത്തേക്ക് ജനിച്ച വീട്ടിലേക്  ഓണസമയത്ത്  പോയിട്ട് വരാൻ അനുമതി കിട്ടിയത്...

എത്തിപെട്ടത്‌  മനോ: വേഗത്തിൽ ...

ഞാൻ ജനിച്ചു വളർന്ന വീട് ..എന്റെ കാലടികൾ പതിഞ്ഞ നാട്
വളരെ മാറിയിരിക്കുന്നു......
പടിക്കപ്പറത്തു നീണ്ടു കിടന്നിരുന്ന പച്ചവയൽ ..എവിടെ ?
ഒരു പാട് വീടുകളും .....റോഡുകളും  ......പറഞ്ഞു അറിയിക്കാൻ  പറ്റാത്ത അത്ര മാറ്റങ്ങൽ ..
പാടത്തിന്നു കയറുന്ന....പടിപ്പുരയുടെ സ്ഥാനത്.....വലിയ ഗേറ്റ്ൽ
കൊത്തിവെച്ച...വീട്ട്  പേര്.....അവിടെത്തന്നെയുണ്ടായിരുന്നത് ഒരു അടയാളമായി....
ഗേറ്റ് തുറന്നു.......കൌതുകത്തോടെ ചുറ്റും നോക്കി ....വലതു
വശത്തുണ്ടായിരുന്ന ആ വലിയ കുളവും കുളപ്പുരയും ഒന്നും....അവിടെ കണ്ടില്ല.....
എല്ലാം മണ്ണിട്ട്‌ നികത്തിയിരിക്കുന്നു ...അവിടം  കാട് പിടിച്ചു കിടക്കുന്നു.....!!
കുളത്തിന് ചുറ്റുപാടും ഉണ്ടായിരുന്ന .........ഓണക്കാലത്ത് മാത്രം
ഉണ്ടാകുന്ന തട്ട് തട്ടുള്ള.... കിരീടം പൂക്കൾ ...അവിടെങ്ങും  കണ്ടില്ല.....

മുന്നോട്ടു നടന്നു.....
പടിക്കലെ ഒതിക്കുകയറി.....മുകളിലേക്ക് നോക്കി....... തെളിയാൻ മടിക്കുന്ന  ആകാശം.....
അവിടെ പടര്ന്നു പന്തലിച്ചു നിന്നിരുന്ന ....സുഗന്ധം പരത്തിയിരുന്ന.......നടവഴിയിൽ ഇലഞ്ഞിപൂക്കളാൽ മെത്ത തീർത്തിരുന്ന ... ആ  വലിയ ഇലഞ്ഞി മരം .........എവിടെ ..?


പടിക്കൽ നിന്ന് മുറ്റത്തേക്കുള്ള വഴിയുടെ ഇരുശവും.........
കോളാമ്പി പൂവും ചെമ്പരത്തി പൂവും നന്ദ്യാർവെട്ടവും തുടങ്ങി കുറെ പൂക്കളാൽ  നിറഞ്ഞു നിന്നിരുന്നു....മുൻപ്
ഇപ്പൊ കണ്ടാൽ അത് വഴി വളരെയൊന്നും ആരും നടക്കാറില്ലാത്ത ഒരു വഴി പോലെ....!!
മുറ്റത്തേക്ക് കയറുന്ന ഇരുവശവും ഉയരത്തിലുള്ള ദേവദാരു ...... അതവിടെ തന്നെ
ഉണ്ടായിരുന്നു......
വളർത്തി  വലുതാക്കിയ .....ആ പഴയ യജമാനനെ കണ്ടിട്ടാണോ എന്നറിയില്ല.....
ഇടതൂർന്നു  പറന്നു കിടന്ന ചില്ലകളുടെ ആടി ഇളക്കം.........
എന്നെ കണ്ടു  അവ  സന്തോഷിക്കുന്നത്‌ പോലെ തോന്നി..


തെക്കെമുറ്റത്തുള്ള വളരെ ഉയരം കുറഞ്ഞു മെല്ലിച്ചു നിന്നിരുന്ന  തേന്മാവും അതിനെ ചുറ്റു പിണഞ്ഞു കിടന്നിരുന്ന തടിച്ച  തണ്ടുള്ള.....മുല്ലവള്ളിയും.... .കാലം എടുത്തിരുന്നു........
വീടിന്റെ പല ഭാഗങ്ങളും ......പഴയ ഓടിന്റെ സ്ഥാനത് കോണ്‍ക്രീറ്റ്  സ്ഥാനം പിടിച്ചിരുന്നു......
ഇതെല്ലം കണ്ടു കയറിയ .....എന്റെ മനസ്സില്......വലിയ ഒരു പൂക്കളത്തെ
കുറിച്ച് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല..എങ്കിലും... ചാണകം മെഴുകിയ
മുറ്റത്തെ നടുവില് ചെറിയ ഒരു പൂക്കളം  പ്രതീക്ഷിച്ചിരുന്നു

ഉപയോഗം കുറഞ്ഞ നടവഴിയുടെ കാരണം  അറിയിച്ച് ...മുറ്റത്തക്കുള്ള വലതു വശത്തെ റോഡ്‌......!!

ഇടനാഴിയിലേക്ക്‌ കടന്നപ്പോൾ.....  മൂത്ത മകന്റെ കുട്ടികളായിരിക്കും.....ടീവിയിൽ നോക്കി എന്തോ ഒരു വയറിന്റെ അറ്റത്ത്  പിടിച്ചു.....അതും ഇതും പറഞ്ഞുകൊണ്ടിരിക്കുന്നു...

ചെറിയമ്മയുടെയും വല്യമ്മയുടെയും ഒക്കെ മക്കളും ...കുടുംബത്തിലെ എല്ലാ
കുട്ടികളും അന്ന് ഓണത്തിന് തറവാട്ടിൽ വരുമായിരുന്നു.....തെക്ക്പുറത്തെ
പ്ലാവിൽ കെട്ടിയ .ഊഞ്ഞാലാട്ടവും ..കുട്ടിയും  കോലും കളിയും .അതിനിടക്ക് ചെറിയ അടിപിടിയ്യും കരച്ചിലും പരാതി പറച്ചിലും ഒക്കെയായി.......കുട്ടികളുടെ ഓണം......


ഇടനാഴിയിലൂടെ പതുക്കെ നടന്നു ......

തെക്കേ മുറിയിലെ വാതിൽക്കൽ എത്തിയ എന്നെ വരവേറ്റത് മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം

കൂനി കൂടി കട്ടിലിന്റെ ഓരോരത്ത് ചുമച്ചിരിക്കുന്ന ആ രൂപം... അതവൾ തന്നെ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി

അവളുടെ അടുത്ത്ചേർന്നിരുന്നു നര  പാകിയ  മുടിയിഴകൾകിടയിൽ  കൂടി ഒന്ന് തലോടാൻ തോന്നി............
തൊണ്ണൂറ്റി രണ്ടാം വയസ്സിലും നിന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടല്ല, നിന്നോട് ഇഷ്ടമില്ലഞ്ഞിട്ടല്ല ............
നിന്നെ വിട്ടു പിരിയേണ്ടി വന്നത്.......
എന്ന്പറയാൻ മനസ്സ് വെമ്പി ......
 പാവം...!!
സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന....എന്തെല്ലാം ദേഷ്യപ്പെട്ടു
പറഞ്ഞാലും....എല്ലാം കലങ്ങിയ കണ്ണുകളിലൊതുക്കി   ജീവിച്ച  നിന്റെ
ഇഷ്ടങ്ങളൊന്നും  സാധിച്ചു തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ
എന്നോർക്കുമ്പോൾ.......അറിയാതെ.......മനസ്സ് .................

അടുക്കള വശത്തു നിന്നും ഓണ വിഭവങ്ങളുടെ ഗന്ധം ..!!
അടുക്കളയുടെ അടുത്തുള്ള ആ വലിയ ഊണ് മേശ അവിടെ തന്നെയുണ്ട് .....
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്ന  ദിവസങ്ങൾ ഇനി തിരിച്ചു വരില്ല എങ്കിലും ....!!. ....


മക്കൾ  അവളെ നന്നായി നോക്കുന്നുണ്ടാവുമോ....മനസ്സിലെ ചോദ്യത്തിന്‌ ഉത്തരമെന്നോണം....
ഒരു കയ്യിൽ  ചെറിയ മരുന്നു  കുപ്പിയുമായി വന്നത്.......മരുമകളായിരിക്കും. ..

കണ്ടുമുട്ടാൻ അധികം കാലം വേണ്ടി വരില്ല എന്ന് നിന്റെ രൂപം എന്നെ ഓർമിപ്പിക്കുന്നു......!

കഴിയാറായ അനുമതി സമയം കഴിയുന്നതിനു മുമ്പേ........
അവളെ ഒന്നു കൂടി തിരിഞ്ഞു നോക്കി .......ഒരു മടക്കയാത്ര .............
ജനന മരണങ്ങളുടെ മറുപുറത്തേക്ക്...............



April 13, 2013

വിഷുകണി




"കണിയാൻ പറഞ്ഞത് കേട്ടില്ലേ ..... 
ജാതക ദോഷം   തീരാൻ   ഒരു വാരം  വൃതമെടുക്കണം കുട്ടീ.." 
മുത്തശ്ശിയുടെ വാക്കുകൾ കേട്ടില്ലാന്നു നടിച്ചു വീണ്ടും ഉറക്കം തുടങ്ങിയപ്പോൾ
അമ്പലത്തിൽ നിന്ന് കൗസല്യ ... സുപ്രഭാതം ..
ഓഹോ ... അമ്പലത്തിൽ പോകാൻ  മുത്തശ്ശി കുളിച്ചു സുന്ദരിയായിരിക്കുന്നല്ലൊ..... 
എന്ന ചോദ്യത്തിനു നിനക്കറിയോ നിന്റെ മുത്തശ്ശിയും  ഇതൊക്കെ ചെയ്തിട്ടുണ്ട്..
...........................................................
ഉവൊ ...?
അതല്ലേ എന്റെ   മുത്തശ്ശനെ  കിട്ടിയേ എന്ന് പറഞ്ഞു
ചേർ ത്തു പിടിച്ചു  നെറുകയിൽ ഒരു മുത്തം കൊടുത്തപ്പോൾ പല്ലില്ലാത്ത
നിഷ്കളങ്കതയോടെ ചിരിക്കുന്ന ആ പാവത്തിനെ സന്തോഷിപ്പിക്കാൻ
തീരുമാനിച്ചു ഒരുവാരം  എങ്കിൽ അങ്ങനെ ....
.....................................................

കുട്ടീ .....  ഇന്ന് വൃതം  തീരുകയാണ്
മേടമാസത്തിലെ വിഷു ആണ് അമ്പലത്തിൽ കണ്ണനെ കണ്ടു തോഴാൻ  നല്ല തിരക്ക്
വേഗം വരൂ.....  മുന്നില് നടക്കുന്ന മുത്തശ്ശിക്കൊപ്പം എത്താൻ ഏതാണ്ടു  പാടുപെട്ടു....... 
വേഗം കാല് നനച്ചു വന്നോളൂ  എന്ന ഓർമ്മപ്പെടുത്തൽ
..........................  ..................................... 
കാലും  മുഖവും കഴുകാൻ അമ്പലകുളക്കടവിലേക്ക്
നടക്കുമ്പോൾ ..കുളിച്ചുതൊഴീലിന്റെ ഒരു വാരം കഴിഞ്ഞത്
അറിഞ്ഞതേ  ഇല്ല എന്ന ചിന്ത ആയിരുന്നു മനസ്സിൽ
.............................  ............................................................
അമ്പലക്കുളത്തിലെ .....പച്ച നിറമുള്ള വെള്ളം ഓളം അടിക്കുന്ന
വഴുക്കുള്ള കൽപടവുകൾ ഇറങ്ങി ... പാവാട തുമ്പ് മടക്കി ..... പടവിൽ
പാദസരത്തിന് ചുറ്റും കൂടിയ കുഞ്ഞു മീനുകളെ നോക്കി നില്ക്കവേ ...... 
നട അടക്കുന്നതിനു മുമ്പേ അവിടെയെത്തണം എന്നുള്ള മുത്തശ്ശിയുടെ വാക്കുകൾ.... 
........................................................... 

അപ്പോൾ  
............................................................ 
അതെ പടവിൽ .....കിഴക്ക്  വശത്ത് .....
സ്വർണ  കസവു മുണ്ടുടുത്ത് ..
ചന്ദനക്കുറിക്ക് നടുവിൽ  സിന്ദൂരം ചാർത്തിയ നെറ്റി ..... 
നീണ്ട മൂക്ക്, കുസൃതി ചിരി ഒളിപ്പിച്ച ചുണ്ട്
അറിയാതെ കണ്ണുകൾ..... ആരെയാണ് ഉഴിയുന്നത്‌ ..?
കണിയായി മുൻപിൽ നില്ക്കുന്നത് കണ്ണനോ അതോ...... ?
........................... ...................... .... .. 
 തിരിഞ്ഞു നടക്കുമ്പോൾ എന്തോ മറന്നു വെച്ചത് പോലെ ....
...........................................................
തിരക്ക്
ശ്രീകോവിലിന്റെ   മുന്നിൽ......
കണ്ണനെ പ്രാർഥിച്ച് കണ്‍ തുറന്നപ്പോൾ .. വീണ്ടും കണ്ടു .. 
....................................................................
പിന്നെ ...... 
പുഷ്പാന്ജലിയുടെ പ്രസാദം വാങ്ങുന്ന വരിയിൽ 
പിന്നെ കണ്ടതു എന്റെ മുന്നില് തൊട്ടടുത്തു ....
ചന്ദനത്തിന്റെ .... .കർപ്പൂരത്തിന്റെ  ഗന്ധം  നിറഞ്ഞു നിന്ന ആ തട്ടകതിൽ.....
എന്നെ  തൊട്ടുരുമ്മി ......  ആദ്യമായി മനസ്സില്.......... 
"ഇതാണോ കണ്ണാ എന്നും കാണാൻ നീ എനിക്ക് തരാൻ പോകുന്ന കണി"
എന്ന് സ്വയം ചോദിച്ചത് . ..തിരക്കിൽ ബുദ്ധിമുട്ടുന്ന  മുത്തശ്ശിക്ക് നീ  പ്രസാദം വാങ്ങിച്ചു കൊടുത്തത് .. 
...................................................................
വൃതം  തീർന്നിട്ടും കുട്ടീടെ കാര്യം ഒന്നും  ആയില്ലലോ  ..?
എന്ന അമ്മയുടെ  പരാതി തീരും മുൻപേ
പടികയറി വന്ന വാര്യര്
"ഇന്ന്  കുട്ടിയെ കാണാൻ ഒരു കൂട്ടര്  കിഴക്കൂന്നു വരുന്നുണ്ട്ന്നു  പറഞ്ഞതും ഒരുമിച്ചായിരുന്നു ..... 
.........................................
അവര് വന്നൂട്ടൊ..... അമ്മാച്ചന്റെ വെറ്റില മുറുക്കാൻ വായിൽ  വെച്ചുള്ള വിളി കേട്ടപ്പോ 
പടിപ്പുരക്ക് അപ്പുറത്ത് ഒരു വെള്ള അംബാസിഡർ വന്നു നിന്നത് മച്ചിനിയിലൂടെ ഏന്തി വലിഞ്ഞു നോക്കി.... 
 ............................................ 
ഓട്ടു  കിണ്ടിയിൽ വെള്ളവുമായി വന്നതു......... 
എല്ലാം മറന്നു പരസ്പരം നമ്മൾ നോക്കി  നിന്നത്  ... 
കള്ള ചിരിയുമായി മുത്തശ്ശി മുൻപിൽ വന്നത് ....  
ഒൻപതു  പൊരുത്തത്തോടെ കണിയാൻ ജാതകം ഗണിച്ചത് ....... 
പിന്നെ എല്ലാം വേഗത്തിൽ
........................... 
രാത്രി വൈകി .....
രാവിലെ കണ്ടു ഉണരാനുള്ള  കണിക്കുള്ളതെല്ലാം  
ഒരുക്കി വന്നപോഴേക്കും 
കുഞ്ഞുങ്ങൾ  ഉറക്കം പിടിച്ചിരുന്നു 
പാതി മയക്കത്തിലായിരുന്ന  നിന്റെ അടുത്ത്...... 
മാറോട് ചേർന്ന് ഉറങ്ങാൻ കിടന്നപ്പോൾ . 
ആ തണുപ്പുള്ള ചന്ദനത്തിന്റെ ഗന്ധം ...... 
കണ്ണൻ തന്ന വിഷുകണി

November 27, 2012

ഗന്ധര്‍വന്‍കാവ്

 
 
 
കുന്നുംപുറത്ത് കാവിലെ ഉത്സവം..!!
 
ഉത്സവത്തിന്റെ രാത്രിയില്‍  ദൂരെ നിന്നും ആ   കുന്ന്‍  കാണുവാന്‍ നല്ല രസമാണ്......
 
അടിവാരത്ത് നിന്നും മലമുകള്‍ വരെ വളഞ്ഞു നീണ്ടു പോകുന്ന മണ്ണ് റോഡ്‌ കണ്ടാല്‍ ഒരു ചിത്രകാരന്റെ കാന്‍വാസില്‍ കണ്ടുമറന്ന മനോഹരമായ  ഒരു ചിത്രത്തെ ഓര്‍മവരും 
 
അന്ന് ആ വഴിക്കരികിലോന്നും കറന്റ് കിട്ടിയിട്ടില്ല....
ആള്‍ താമസവും കുറവ് .....
 
ഉത്സവമായാല്‍ താഴെ മുതല്‍ മലമുകള് വരെ വഴിക്കരികില്‍ വരി വരി യായി ട്യൂബ് ലൈറ്റ് ഇടവിട്ട്‌ മരത്തിന്‍ കൊമ്പില്‍ കെട്ടി വെച്ചിരിക്കും.....!!
ദൂരെ നിന്ന് തന്നെ ജെനരെടോരിന്റെ  ശബ്ദം കേള്‍ക്കാം.....
 
വഴിക്ക്  ഇരുവശവും  കച്ചവടക്കാര്‍ മുന്നേ കൂട്ടി തന്നെ സ്ഥാലം പിടിച്ചിട്ടുണ്ടാവും ... രാത്രിയില്‍ ഒട്ടു മിക്ക കച്ചവടക്കാരുടെ അടുത്തും പെട്രോള്‍മാക്സ് ആയിരിക്കും വെളിച്ചമായി ഉപയോഗിക്കുന്നതു...........
അല്ലെങ്കില്‍ വലിയ മണ്ണെണ്ണ വിലക്ക്....
 
ജിലേബി ഉണ്ടാകുന്നവര്‍......ചെറിയ ചെറിയ ചായക്കടകള്‍  .....ബലൂണും പീപിയൊക്കെയായി കുട്ടികളെ ആകര്‍ഷിക്കാന്‍ ആള്‍ക്കാരുടെ ഇടയിലൂടെ നടക്കുന്ന ചെറു കച്ചവടക്കാര്‍.....
മുത്തുമണി മാലയും കുപ്പിവളയും കരിവളയും എല്ലാമായി മറുനാടന്‍ കുറത്തികള്‍.....
ഭാവി ഭൂതം വര്‍ത്തമാനം എന്ന ബോര്‍ഡും വെച്ച് തത്തമ്മയും ചീട്ടുമായി ചിലര്‍.....കൈ നോട്ടക്കാര്‍......പന്തയം  വെപ്പുകാര്‍ ..

ആ വഴിയിലൂടെ ആ ദേശത്തെയു മറു ദേശത്തെയും ആളുകള്‍ ഒഴുകും.....
 
ജെനെരേടര്‍  ശബ്ദം.......ആളുകളു ടെ കല പില.....കുട്ടികളുടെ ചിരിയും കരച്ചിലും....മലമുകളില്‍ നിന്നുള്ള  വാദ്യമേളം...ഇടക്കിടക്കുള്ള കരിമരുന്നു .... അമിട്ട്.....അങ്ങിനെ എല്ലാം കൂടി ഉത്സവത്തിന്റെ മൂന്നു ദിവസം ഗംഭീരം തന്നെയാണ്....
....................................................
 
കൂട്ടുകാരെല്ലാം കുന്നു കാവിലെ ഉത്സവത്തിനു പോകാന്‍ ഒരുങ്ങുന്നു....
വേഗം ....തയ്യാറായില്ല എങ്കില്‍ അവര് പോക്കളയും
 
"പാറു...... ഒരുങ്ങിയത് മതി"
 
പുറകില്‍ കൂടി വന്നു കണ്ണാടി
തട്ടി പറിക്കാനുള്ള കൂട്ടുകാരിയുടെ ശ്രമത്തിനിടയില്‍ കണ്മഷി
മുഖത്തേക്ക് പടര്‍ന്നു..........
 
ഇപ്പൊ നല്ല ശേലായി    ട്ടോ .!!................
 
പിന്‍ വശത്ത് കൂടെ പതുങ്ങി വരുന്ന  കൂട്ട്കാരിയെ  അവള്‍ കണ്ണാടി യിലൂടെ കണ്ടിരുന്നു.....
 
"വല്ലാതെ ഒരുങ്ങണ്ടാ.....ഗന്ധര്‍വന്‍  കാടിനടുതൂടെ പോകാനുള്ളതാ.....".എന്ന അവളുടെ കളിയാക്കല്‍.....
 
സുന്ദരികളായ  പെണ്ണുങ്ങളെ ഗന്ധര്‍വന്‍  മയക്കി കൊണ്ട് പോകുമെന്ന  മുത്തശ്ശി കഥ  ........
 
...........................................
നേരം അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു
 
പാടവരമ്പിലൂടെ കുറച്ചു നടക്കണം ......
 
അപ്പോള്‍ കാണാം ഉത്സവം കാണാന്‍  പോകുന്നവരും.....തിരിച്ചു വരുന്നവരും......പാട വരമ്പിലൂടെ വരിവരിയായി.....ഓലചൂട്ടും കതിച്ചുപിടിച്ചു.....അത് ഉയരത്തില്‍ വീശി.....അതിനു പിന്നില്‍.....ബലൂണും പീപിളിയും പിടിച്ച കുട്ടികളെയും ഒക്കത്ത് വെച്ച് അമ്മമാരും  അമ്മൂമ്മമാരും എന്ന്  വേണ്ട....ഒരു കുടുംബത്തിലുള്ള എല്ലാവരുമുണ്ടാവും......
 
പാടവരമ്പിലൂടെ കുറച്ചു ചെന്ന് കഴിഞ്ഞാല്‍....പിന്നെ ചെറിയ ഒരു തോട് ...
അത് മുറിച്ചു കടന്നാല്‍ പിന്നെ നീണ്ടു കിടക്കുന്ന ഒരു മണ്ണ് റോഡ്‌ ആണ് ...
അത് നേരെ മലമുകളിലുള്ള അമ്പലത്തിലെക്കാണ് ....
 
ആ വഴിയില്‍.....അമ്പലത്തിനടുതെത്തുന്നതിനിടക്ക് രണ്ടു വേറെ കാവുകളും ഉണ്ട്.....
 
ഒരു ഗന്ധര്‍വന്‍  കാവും.....പിന്നെ ....ചെരുകാരി കാവും.....
.........................................................................
 
മലമുകളില്‍ എത്തിയപ്പോഴേക്കും  ചാത്തന്‍ തറ തുടങ്ങിയിരുന്നു......
 
വലിയ കിരീടമൊക്കെ വെച്ച് ചായമെല്ലാം പൂശി......
കാണികളായ കുട്ടികളുടെ അടുത്തൊക്കെ വന്നു പേടിപ്പിച്ചു..
അവരുടെ കയ്യിലുള്ള ബലൂണ്‍ ഒക്കെ വാങ്ങി ......
മേളതിനോത്തു  താളം ചുവട്ടുന്ന ചാത്തന്‍ തറ കാണാന്‍ വലിയ ഒരു ജനാവലി തന്നെ യുണ്ടാവും.......
.............................. .............................. .............................. ..........
 
ആ തിരക്കിനിടയില്‍ കൈത്തണ്ടയില്‍ ഒരു കരുത്തേറിയ 
കൈത്തലം അമര്‍ന്നത് ഓര്‍മയുണ്ട് ........
 
മുത്തശ്ശി കഥയിലെ ഗന്ധര്‍വന്‍ തന്നെയോ അതോ..? 
 
പാലപൂവിന്റെയും ചെമ്പകതിറെയും മറ്റേതോ പേരറിയാത്ത 
പൂക്കളുടെയും നറുമണം ഒന്നിച്ചു പൊതിഞ്ഞു വോ..?....
ഒരു അപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കുകയാണോ ..?
സ്വയം നഷ്ടപ്പെട്ട ഏതോ നിമിഷം ....
ചെവിയില്‍ മുറുകുന്ന വാദ്യമേളങ്ങളുടെ താളം..........
ഇടയ്ക്കു ചാത്തന്‍ തറ യുടെ  ഉച്ചത്തിലുള്ള അട്ടഹാസം.......
...........................................................
 
സ്വയം ബോധം വന്ന ഏതോ നിമിഷത്തില്‍ കണ്ണ് തുറന്നപ്പോള്‍
ആല്‍ മരത്തിന്റെ ഇലകള്‍ ചിന്നം പിന്നം ഇളകിയാടുന്നത്‌........
നിലാവിന് റെ വെളിച്ചത്തില്‍ കാണാമായിരുന്നു......
.............................. .............................. .............................. .....
 
കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിയാണോ പറന്നാണോ എത്തിയത് ..?
കിതക്കുന്ന ശ്വാസം അവളുടെ ചുമലില്‍ തട്ടിയപ്പോഴേക്കും
അവള്‍ കഴുത് തിരിച്ചു ചോദിച്ചു.....നീ എവിടെയായിരുന്നെടീ......
 
.ചാത്തന്‍ തറ അപ്പോഴേക്കും അവസാന ആടി തിമിര്‍ക്കലില്‍  ആയിരുന്നു......
 
" അറിയില്ല ....ഞാന്‍ നിന്നെ കാണാതെ"........
മുഴുമിപ്പിക്കുംപോഴേക്കും ......അടുത്ത കരിമരുന്നിനു  തീ കൊളുത്തിയിരുന്നു........
 
കഴുത്തിലുണ്ടായിരുന്ന മാല കാണാതെ പോയത്.....അവളോട്‌ തല്ക്കാലം പറയണ്ട ന്നു വെച്ചു ......
.............................. .............................. .............................. .............................. ............
 
ഉറക്കം വരാതെ ....തിരിഞ്ഞും മറിഞ്ഞും.....
കണ്ണില്‍  ആല്ഇലകളുടെ ഇളകിയാട്ടം  .....പൂക്കളുടെ സുഗന്ധം
മനസ്സില്‍ നിന്നും അപ്പോഴും പടി യിറങ്ങതെ  നിന്നിരുന്നു........
.............................. .............................. .............................. ..............
മൂന്നാം പക്കം.......ഉത്സവത്തിനു തിരശീല വീണു
കച്ചവടക്കാരെല്ലാം.......അവരുടെ സാധനങ്ങള്‍ എടുത്തു വെച്ച് കെട്ടുന്ന തിരക്കിലായിരുന്നു...
അടുത്ത ഉത്സവ പറമ്പ് തേടി....
......................................
."എന്താ ...പോവാറായില്ലേ...?"
പരിചിത ശബ്ദം  കേട്ട് തിരിഞ്ഞു നോക്കി.......
.......................
കാവി മുണ്ട് ഉടുത് ...കയ്യില്‍ ഒരു കറുത്ത ചരട് കെട്ടി.....കഴുത്തില്‍  ഒരു എലസ്സിടു....
നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമായി.....ഒരാള്‍.. .
എവിടെ ആണ് ഈ ശബ്ദം മുന്‍പ് കേട്ടത് ..?
......................................
" ഇത് ഇയാളുടെതല്ലേ"
അയാളുടെ നീട്ടിയ കയ്യില്‍ നിന്നും കളഞ്ഞു പോയ മാല കണ്ടപ്പോ........ 
അദ്ഭുതം തോന്നി...
തെല്ലു നാണത്തോടെ....അതിലേറെ അതിശയത്തോടെ.......അത് വാങ്ങി..
ചെരുപ്പെടുക്കാന്‍ പോയ കൂട്ടുകാരി കണ്ടോ എന്ന് തിരിഞ്ഞു നോക്കാന്‍ കണ്ണെടുതപ്പോഴേക്കും ...
കച്ചവട സാധനങ്ങല്‍ ഒക്കെ കെട്ടി മുറുക്കിയ വണ്ടി യിലേക്ക്.....
 ഒരു ചെറുപുഞ്ചിരി  തൂകി...അയാള്‍  പതിയെ നടന്നകന്നിരുന്ന്നു....

November 11, 2012

അമ്മ ....

 
 
"നാളെ ഓഫീസില്‍ നിന്നും എല്ലാവരും വരുന്നതാണ്....
അമ്മയെ നാളെ ചെറിയമ്മയുടെ വീടിലെക്കങ്ങാനും മാറ്റി നിര്‍ത്താം"  .......
മകന്റെ  നേരിയ ശബ്ദം ........................
ഭാര്യയോടാകും ......!!
 
 
മനസ്സില്‍ എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ....ഓര്‍മകളുടെ കടന്നുകയറ്റം ...
 
അന്ന് നേരത്തെ കോളേജ് വിട്ടിരുന്നു........
കോളേജ് വിട്ടു മൈതാനതിനരികിലൂടെ കുറച്ചു നടക്കണമായിരുന്നു വീടെത്താന്‍.....
 
അവിടെ നിന്നും കുറച്ചു ദൂരെ യാണ് കൂടെ വരുന്ന കൂട്ടുകാരി കളുടെ വീട്...
പാട വരമ്പില്‍ നിന്നും വീട്ടു  തൊടിയിലെക്കുള്ള പാലത്തിന്റെ അരികെ എത്തിയപ്പോഴെക്കും  .....
ചെറിയ ഒരു സഞ്ചിയും പിടിച്ചു അനിയത്തി കുട്ടി....എതിരെ വരുന്നുണ്ടായിരുന്നു...
 
.........................................................................................
എവിടേക്കാ  എന്നുള്ള എന്റെ ആകാംഷ നിറഞ്ഞ നോട്ടത്തിനു മറുപടിയായി ....
"വീട്ടില്‍ കുറെ ആള് വന്നിട്ടുണ്ട്....
കുറുപ്പിന്റെ പീടികയിലെക്കാ.....പഞ്ചാര വാങ്ങാനാ........"
അവളുടെ മറുപടിയും......കുസൃതിയോടെയുള്ള നോട്ടവും....
കൈതണ്ടയിലൊരു നുള്ളും ....തന്നു ഓടിപോയപ്പോള്‍..
 
............................................................
ആരോ വന്നിട്ടുണ്ട് എന്നറിഞ്ഞു തന്നെ .........
വീടിന്റെ പിന്‍ വശത്ത് കൂടെ യാണ് പോയത് .....
അടുക്കളയില്‍....അമ്മയും വലിയമ്മയും....പിന്നെ വേറെ രണ്ടു സ്ത്രീകളും....
"ആ ...മോള് വന്നോ....ഇതാ.....മോള്..."
എന്ന് പറഞ്ഞു അമ്മ എന്നെ പരിചയപ്പെടുത്തി........
...........................................

ഈ ആഴ്ച  പെണ്ണ് കാണാന്‍ ആരോ വരുമെന്ന
അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍.....
അപ്പോഴാണ് .ഓര്‍മയില്‍ വന്നത് ....!!!
.....................................................................
ചെറിയ ഒരു ചമ്മലോടെ......ചെക്കന്റെ നേരെ ചായ കപ്പ്‌ നീട്ടിയപ്പോള്‍......
ഇടം കണ്ണിട്ടു നോക്കിയ നോട്ടത്തില്‍ തന്നെ ആളിനെ ...ഇശ്ശി പിടിച്ചു..........
 
..................................................................................

ചെക്കന് നല്ല ഉദ്യോഗം.....കാണാന്‍ സുന്ദരന്‍......പൊതുവേ എല്ലാം കൊണ്ടും ഉത്തമം ...എന്ന അച്ഛന്റെ ആത്മഗതം.....
എന്റെ മൌന സമ്മതത്തിന്റെ നിറവില്‍ ...
എല്ലാം വളരെ വേഗത്തിലായിരുന്നു,.........
മീന മാസം ......12 നു വിവാഹത്തിനു പറ്റിയ മുഹൂര്‍തം
പണിക്കരുടെ  വാക്കുകള്‍..

.......................................................................
ഡിഗ്രീ കമ്പ്ലീറ്റ്‌ ചെയ്യാന്‍ അനുവദിക്കണം എന്ന് പറഞ്ഞപ്പോള്‍ 
നിന്റിഷ്ടം പോലെ  എല്ലാം എന്ന് അദേഹം പറഞ്ഞപ്പോള്‍.....
സ്നേഹവും ബഹുമാനവും അങ്ങനെ ഒരാളെ കിട്ടിയതില്‍
അഭിമാനവും തോന്നി...
 
...................................................................
വരഷങ്ങള്‍ എത്ര വേഗം ആണ് കടന്നു പോയത്
ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചു നടക്കാതെ വന്നപ്പോള്‍
അനേകം  പ്രാര്‍ത്ഥനക്കും വഴിപാടിനും ശേഷം.....
ഒരു ഉണ്ണി..........ഒരു വികൃതി കുട്ടന്‍.....
ഒരു പാട് സ്നേഹിച്ചു വളര്‍ത്തി........
സന്തോഷത്തിന്റെ .....കാലങ്ങള്‍........
അതിനിടക്ക് ......
ഒരു ദിവസം.......
ഓഫീസില്‍ നിനും എത്തിയ ഒരു ഫോണ്‍ കാള്‍.......
മരണം ഹൃദയഘാതത്തിന്റെ രൂപത്തില്‍ ഞങ്ങളെ തനിച്ചാക്കി ........
അദ്ധേഹത്തെ കൊണ്ട് പോയി ...ബുദ്ധി മുട്ടിന്റെ ദിനങ്ങള്‍
മറ്റൊരു വിവാഹത്തിന് വേണ്ടി വീട്ടുകാരുടെ നിര്‍ബന്ധം
എല്ലാം മകന്റെ മുഖത്തേക്ക് നോക്കി അവനു വേണ്ടി സഹിച്ചു ....
........................................................................................................
ബുദ്ധി മുട്ടുകള്‍ ഒന്നും  അറിയിക്കാതെ ......
അവനെ വളര്‍ത്തി......
പണക്കാരുടെ മക്കള്‍ പഠിക്കുന്ന വലിയ സ്കൂളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിച്ചു......
ഒന്നിനും ഒരു കുറവ് വരുത്താതെ .........
....................................................................................................
തുണികളുടെ ഭാണ്ട കെട്ടും തോളില്‍  തൂകി.....
ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍........
ചുമരില്‍ തൂകിയിട്ട......
എല്ലാം ഞാന്‍ അറിയുന്നു എന്നാ ഭാവത്തില്‍ ചിരിക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോ....
ഒരു ദീര്‍ഘ നിശ്വാസത്തോടെ ...........എടുത്തു നെഞ്ചോടു ചേര്‍ത്തു  പിടിച്ചു.....
എവിടെക്കെന്നറിയാത്ത  യാത്ര.................
...............................
അമ്മയെ ചെറിയമ്മയുടെ വീട്ടില്‍ ആക്കാനുള്ള  മകന്റെ വരവില്‍.....
അമ്മയും ചുമരില്‍ തൂകിയിട്ടിരുന്ന അച്ഛന്റെ ഫോട്ടോയും ....അപ്രത്യക്ഷ മായിരുന്നു.......!

October 2, 2012

കല്യാണ സൌഗന്ധികം

അതൊരു   ചിങ്ങമാസം  ആയിരുന്നു എന്നാണ് ഓര്മ .......അവന്‍ വാചാലനായി......
വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെ ആദ്യ വിവാഹ ആഘോഷം .....അമ്മമ്മയുടെ സഹോദരിയുടെ മകന്‍ ...

പ്രായത്തില്‍ അധികം വ്യതാസം ഇല്ലാത്ത  അവനും അവന്റെ കൂട്ടുകാരും.... കുറെ പേര്‍ ...
തലേദിവസം തന്നെ തറവാട്ടില്‍ കൂടിയ ബന്ധു ജനങ്ങള്‍ .......

ആഘോഷങ്ങള്‍ക്കിടയില്‍ ചെറുപ്പത്തിന്റെ കുസൃതികള്‍ ... 
..............................................................
തലേദിവസം ആഘോഷങ്ങളുടെ പൂരം കഴിഞ്ഞു ഉറക്കം പിടിച്ചപ്പോള്‍
തന്നെ വൈകി........പിറ്റേന്ന് എഴുന്നേല്‍ക്കുന്നത്‌
അമ്മയുടെ കുലുക്കി വിളിയുടെ അകമ്പടിയോടെ ആയിരുന്നു....
എല്ലാത്തിനും ആളായി നില്‍ക്കണെ എന്റെ കുട്ടിയെ.......
 എന്ന അമ്മാമയുടെ ഓര്‍മ്മപ്പെടുത്തല്‍ ..................
.....................................................................................
ആള്‍ക്കാര്‍ എല്ലാം റെഡി ആയപ്പോഴേക്കും ചന്നം പിന്നം മഴ ...
വധു ഗൃഹത്തിലേക്ക് പോകാന്‍ വേണ്ടി ഏര്‍പ്പാടാക്കിയ
വണ്ടി എത്തിയിട്ടില്ല ....
ഒരു സൈക്കിള്‍ എടുത്തു  അടുത്തുള്ള ബസ് മുതലാളിയുടെ വീട്ടിലേക്കു പാഞ്ഞപ്പോള്‍ മഴ ഉറച്ചു തുടങ്ങിയിരുന്നു.............
അവിടെ എത്തിയപ്പോഴേക്കും ഡ്രൈവര്‍ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു......
 തറവാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ..... 
 "കുട്ടന്‍ എല്ലാം നോക്കിക്കണ്ട്‌ ചെയ്യും" എന്നാ അമ്മാമയുടെ അഭിനന്ദനം ....
........................................................
 വണ്ടി  വരാന്‍ കാത്തുനിന്ന ബന്ധു ജനങ്ങള്‍ ..ഒന്നോന്നയീ ഇടിച്ചു കയറി ..
വാതില്‍ക്കല്‍ ആള്‍ക്കാരെ നിയന്ത്രിച്ചു നിന്ന  അവന്റെ  കണ്ണുകള്‍ ....
എങ്ങിനെയോ.....സ്വര്‍ണ മണികള്‍ നിറഞ്ഞ ..പാദസ്വരം അണിഞ്ഞ ഒരു കാലില്‍..തറഞ്ഞു...
മുഖത്തിന്റെ  ഒരു   വശമേ  കണ്ടുള്ളൂ .....മഴചാറ്റല്‍ തട്ടാതെ
തലയില്‍ കൂടി ഇട്ട ....ഇളം റോസ് ഷാളിന്റെ ..ഒരു വശ ത്തു കൂടി  ....ആ മുഖം പകുതി  മാത്രമേ കാണുന്നുള്ളൂ
മുഖത്തേക്ക്  അലസമായി....കിടക്കുന്ന .  നാലഞ്ചു മുടിയിഴകള്‍.....
ചുവന്നു തുടുത്ത  മുഖക്കുരു....വെള്ള കല്ല്‌ വെച്ച മുക്കുത്തി ....
.............................................
അപ്പോഴേക്കും അവള്‍ ബസ്നുള്ളിലേക്ക് വലിഞ്ഞിരുന്നു ....
അവളുടെ തൊട്ടു പുറകില്‍ ഡല്‍ഹിയിലുള്ള ചെറിയമ്മ .......
അവരെ കൂടി കണ്ടപ്പോ .......ഊഹിച്ചു...
ഇന്നലെ ലേറ്റ് ആയി വന്ന അമ്മാച്ചന്റെ കുടുംബം.......
ബന്ധുക്കാര്‍ എന്ന് പറഞ്ഞിട്ടെന്താ.....അവന്റെ  ജീവതത്തില്‍ ആദ്യമായിട്ടാ അവരെ കാണുന്നത്.....!!!
 
.............................................................
" ആദ്യത്തെ ബസ് ഫുള്‍........
എഴു ജീപ്പിലും   മൂന്നു കാറിലും ആളെ കയറ്റി.........പിന്നെ വരന്റെ ഒരു  അലങ്കാര  കാറും......
വയലിന്റെ നടുവിലൂടെയുള്ള  മണ്ണിട്ട  റോഡിലൂടെ വരിയായുള്ള വാഹനങ്ങളുടെ യാത്ര...... 
 ആ ഒരു കാഴ്ച.....നല്ല രസമായിരുന്നു..........." ഇത്  പറയുമ്പോള്‍ അവന്‍ ആ കാഴ്ച മുന്‍പില്‍ കാണുന്നത് പോലെ തോന്നി .....
 ..........................................................................................................
 ഒന്ന് പറ ഇഷ്ട എന്ന  എന്റെ പ്രോത്സാഹനത്തില്‍ അവന്‍ തുടര്ന്നു....
.........................................................................................
"വീഡിയോ ഗ്രഫെറും .... ലൈറ്റ് ബോയ്സ് ഉം ഒക്കെയുള്ള ഒരു ജീപ്പിലായിരുന്നു  എന്റെ  സ്ഥാനം......
വീഡിയോ കവര്‍ ചെയ്യാന്‍ വേണ്ടി എന്റെ കയറിയ  ജീപ്പ് എല്ലാ വാഹനത്തിന്റെയും മുമ്പിലും പിന്നിലും ആയി പാഞ്ഞുകൊണ്ടേ ഇരുന്നു
വധുവിന്റെ വീടിനടുത്തുള്ള ഒരു ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.....
കുറച്ചു ഉള്ളിലോട് ഉള്ള വഴി.........ബസിന്റെ മുന്നിലേക്ക്‌ പോയ ജീപ്പ് ........
പെട്ടെന്ന് .....ബ്രേക്ക്‌ ഡൌണ്‍......!!!"
...................................................
മറ്റുള്ള എല്ലാ വാഹനങ്ങളും മുന്നില്‍ പോയി....എന്ത് ചെയ്യും എന്നോര്‍ത്ത് നില്‍ക്കുപോള്‍ ...പുറകില്‍ .
ആശ്വാസമായി .....ആ ബസ് .....വീഡിയോ ടീമിന്റെ  സാമഗ്രികളൊക്കെ ബസിലേക്ക് എടുത്തു മാറ്റി.......കൂട്ടത്തില്‍ ഞാനും ...............................................................
തിരക്കിനിടക്ക് വീണ്ടും തിരക്ക്.....
അപ്പോഴേക്കും അത്യാവശ്യം നല്ല രീതിയില്‍ മഴ തുടങ്ങിയിരുന്നു.........
ഇന്നത്തെ പോലെ വാഹനങ്ങള്‍ കുറവായിരുന്നു അന്ന് ..പഴയ ഒരു ബസ് ...
ഇന്നത്തെ പോലെ വിന്‍ഡോ ഷട്ടര്‍ ഒന്നുമില്ല ബസിനു......
ജന്നലിനു കുറുകെ നീളത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു തരം പായ അല്ലെങ്കില്‍ ഷീറ്റ്.(കര്‍ട്ടന്‍) ......അതായിരുന്നു മിക്കവാറും എല്ലാ ബസിലും ഉണ്ടായിരുന്നത് ....മഴ ഇല്ലാത്തപ്പോള്‍
അത് ചുരുട്ടി ബസിന്റെ ജന്നലിനു മുകളിലുള്ള ഒരു ആണിയില്‍ കുത്തിവെക്കും......
വെയിലോ   മഴയോ ഉള്ളപ്പോള്‍  കര്‍ട്ടന്‍ തൂക്കിയിടും ...............................................................
..........................................................................
ഇതിരി ദൂരം പോയെപ്പോഴേക്കും ......തകിര്‍ത്തു പെയ്യുന്ന മഴ......
കര്‍ട്ടന്‍ ഒക്കെ ഇട്ടു........ബസില്‍ ബഹളം തന്നെ വളരെക്കാലം കൂടി കണ്ട
ബന്ധു ജനങളുടെ ..... കലപില സംസാരം ചിരി
ബസ്സിന്റെ  ഉള്ളില്‍ മങ്ങി കത്തുന്ന ബള്‍ബിന്റെ വെളിച്ചം
ഒരു സഡന്‍  ബ്രേക്ക്‌ ....കുറേപേര്‍ മുന്നിലേക്ക്‌ ...കൂട്ടത്തില്‍ ഞാനും
................................................................................................ 
കഥയുടെ രസച്ചരടില്‍ ഞാന്‍ കുരുങ്ങിയപ്പോള്‍ അവന്‍ തുടര്ന്നു .... 
 ......................................................................................
"ആ തിരക്കില്‍....കുടമുല്ല പ്പൂവിന്റെ   സുഗന്ധം എന്നെ പൊതിഞ്ഞു
 തൊട്ടു മുന്നില്‍.....അവള്‍ .ഇളം റോസ് ഷാള്‍  ..വെള്ള കല്ല്‌  മുക്കുത്തി........
 നീണ്ട മുടിയിഴകള്‍  എന്റെ മുഖത്തേക്ക് ....
അവള്‍ തിരിഞ്ഞു .........കണ്ണുകള്‍ കണ്ണുകലില്‍ ഉടക്കി ...."
.....................................................
 "മനസ്സില്‍ ഒരു ലഡ്ഡു  പൊട്ടിയോ?? " എന്റെ ഇടയ്ക്കു കേറിയുള്ള ചോദ്യം ഞങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തി........
അന്ന് മനസ്സില്‍ എന്താ തോന്നിയത് ..?
അവന്‍ വീണ്ടും ഓര്‍മകളിലേക്ക്......
പുറത്തു കോരിച്ചൊരിയുന്ന മഴ........മോശം റോഡിലൂടെ ഗട്ടരുകള്‍ താണ്ടി അരിച്ചു നീങ്ങുന്ന ബസ്‌......
..........................................................................
ഷീറ്റിന്റെ ഇടയിലൂടെ അരിച്ചെത്തുന്ന ശീത കാറ്റ് .....മുല്ലപൂവിന്റെ .....കുട്ടികൂറ പൌഡര്‍ന്റെ................ ഒരു മിക്സ്‌ സുഗന്ധം ........
...................................................................................................
കഥയ്ക്ക് ഭംഗം വരുത്തി.....
അപ്പോഴേക്കും ഞങ്ങള് ‍ഓര്‍ഡര്‍ ചെയ്ത ഊണ് വന്നിരുന്നു............................................................
സ്ഥലം ........കരാമയില്‍  ഉള്ള .....
ഒരു മദ്രാസ് vegetarian  രെസ്ടോരന്റില്‍ .......ഞാനും എന്റെ സുഹൃത്തും അവന്റെ ഫാമിലിയും.....
ഏകദേശം ഉച്ചക്ക് ഒരു 1 .30  ആയിക്കാണും
ഊണിനായി വെയിറ്റ് ചെയ്തപ്പോ .......എവിടെ നിന്നു എന്നറിയില്ല
കുടമുല്ലപ്പൂവിന്റെയും ...ചന്ദനത്തിരിയുടെയും ..കുട്ടിക്കൂറ പൌഡര്‍ ന്റെയും ...പിന്നെ
നാടിന്‍റെ ഓര്‍മകളിലേക് കൂട്ടികൊണ്ട് പോകുന്ന  
ആ ... സുഗന്ധം  ..........
അവന്‍  നേരത്തെ പറഞ്ഞ ആ ഒരു മിക്സെഡ്  സുഗന്ധം....
അതായിരുന്നു ഈ ഓര്മ പുതുക്കലിന്റെ കാരണം ....
.............................................................
എവിടെ നിന്നാണ് ...?  കാഷ്യറുടെ പുറകില്‍ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന 
 ദൈവങ്ങളുടെ ചിത്രങ്ങളുടെ  മുന്നിലുള്ള മുല്ലപൂവില്‍ നിന്നാണോ.....?
വാഴയിലയില്‍ നിന്നാണോ......?
അതോ മദ്രാസ് സാമ്പാറില്‍ നിന്നാണോ.......?
...............................................
...............................................
ഊണ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടക്ക്.....
കുട്ടിക്ക് ഉരുള ഒരുട്ടി കൊടുക്കുന്ന അവളുടെ വെള്ളക്കല്ല് മൂക്കുത്തി....!!!!
ശ്രദ്ടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല......!!!!

September 15, 2012

നഷ്ടസ്വര്‍ഗം


പുറത്തു നല്ല മഴയുണ്ടായിരുന്നു  ...യാത്ര ക്ഷീണവും മഴയുടെ സംഗീതവും ..ഒരു ചെറിയ ആലസ്യത്തിലേക്ക് വഴുതി വീണപ്പോള്‍.......
ബസ്‌സ്റ്റാന്റ് എത്തിയത് അറിഞ്ഞില്ല......ഇറങ്ങി പുറത്തേക്കു നടന്നു......

കണ്ണുകള്‍ അറിയാതെ  ആ ബുക്ക്‌സ്റ്റാലിന്റെ  ഇടതു വശതേക്ക് .......
മഞ്ഞ പെയിന്റ് അടിച്ച ആ സ്നേഹക്കൂടു അവിടെ തന്നെ ഉണ്ടായിരുന്നത് ആശ്ചര്യം തോന്നി.........
എല്ലാവര്ക്കും മൊബൈല്‍ ഉള്ളത് കാരണം ഇന്ന് ബൂതുകളെല്ലാം മറഞ്ഞു പോയ്ക്കൊണ്ടിരിക്കുക ആണല്ലോ

ആരോ പിടിച്ചു വലിച്ചത് പോലെ ....അറിയാതെ ..... അതിനടുത്തേക്ക്......
പെയിന്റ് ഇളകി തുടങ്ങിയ ഹാന്ടിളില്‍  പിടിച്ചു ഡോര്‍ തുറന്നു.......

പൊടിപിടിച്ചു കിടക്കുന്ന ....കെട്ടുപിണഞ്ഞ വയറുള്ള ഹെട്സെറ്റ്  എടുത്തു ........
ഡോര്‍ അടച്ചു പിടിച്ചു.........   സ്വയം നഷ്ടപ്പെട്ടു .....പറയാന്‍ പറ്റാത്ത ഒരു നൊമ്പരം.....ഒരേ നില്‍പ്പ് നിന്നു പോയീ കുറച്ചു നേരം  ......

വാതോരാതെ മണിക്കൂറുകളോളം സംസാരിച്ചു നിന്നിരുന്ന ദിവസങ്ങള്‍......നിറഞ്ഞു കവിഞ്ഞ സ്നേഹ നിശ്വാസങ്ങള്‍......അത്  നാലുഭാഗമുള്ള ഗ്ലാസ്സിലും കോട മഞ്ഞു പാളികള് തീര്‍ത്ത് ....... അതില്‍ വിരലുകള്‍ കൊണ്ട്  ചിത്രം വരച്ചു കൊതി തീര്‍ത്തിരുന്ന പകലുകള്‍ .....

"സാറെ അത് വര്‍ക്ക്‌ ചെയ്യില്ല .....!!!"

എന്ന ഷോപ് കാരന്റെ വിളി എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.....

പുറത്തിറങ്ങി.........എങ്ങോട്ട് പോകണം.....
എവിടെ നോക്കിയാലും ......പഴയകാല ഓര്‍മ്മകള്‍ ഉണരുന്നു ....
ഈ ടൌണ്‍......എന്നെ കുപ്പിവളകളുടെ കില്ലുക്കതിലേക്ക് ...
പതിഞ്ഞ സ്വരത്തിലുള്ള കൊഞ്ചലുകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു ...

ഒരു ഓടോയ്ക്ക് കൈ കാണിച്ചു.......!!
ഓട്ടോയുടെ കുടുകുടു സബ്ദം കൊണ്ടാണോ....അതോ ആ പഴയ   മീറ്റര്‍ on ആക്കിയപ്പോഴുള്ള ‍ ഉള്ള "കണിം" സബ്ദം കൊണ്ടാണോ എന്നറിയില്ല......  അയാളോട് ക്രിസ്ത്യന്‍ ചര്ച്ച് എന്ന് വീണ്ടും പറയേണ്ടി വന്നത്......

മീറ്ററില്‍ കാണിച്ച 15 രൂപ കൊടുത്തു .....ചര്‍ച്ചിന്റെ മുന്നില്‍ ഇറങ്ങിയപ്പോള്‍ .....
അന്ന് ഈ യാത്രക്ക് 4 രൂപയായിരുന്ന എന്നാ കാര്യം ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല....

ചര്‍ച്ചില്‍......തിരക്ക് കുറവായിരുന്നു.....
മുന്‍ ഭാഗത്ത്‌ അന്നത്തെ പോലെ തന്നെ മെഴുകു തിരി കച്ചവടക്കാര്‍ ഉണ്ടായിരുന്നു....

ഒരു നിമിഷം..... ഓര്‍മകളുടെ.....
"അവിടെ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍ ‍ ആഗ്രഹിച്ച എന്ത് കാര്യവും നടക്കും" അവളുടെ ഓര്‍മ്മപ്പെടുത്തല്‍.....മനസ്സിലേക്ക് വന്നു.....
എന്റെ കളിയാക്കി ഉള്ള ചിരിക്കു പകരം ചുണ്ട് കൊട്ടി ഉള്ള നോട്ടം.......
പിന്നെ 7 മെഴുകുതിരികള്‍.....എന്റെ കയ്യിലേക്ക് പിടിപ്പിച്ചത് ....
അത്രയും തന്നെ അവളുടെ കയ്യില്‍.......!!

അറിയാതെ കാലുകള്‍ മെഴുകുതിരി കച്ചവടക്കാരന്റെ അടുത്തേക്ക്..... വെറുതെ ഒരു പാക്കറ്റ് മെഴുകുതിരി വാങ്ങിച്ചു.......

അവളുടെ കാല്‍പാദം പതിഞ്ഞ അതെ പള്ളിയില്‍......അവളും ഞാനും മുട്ട് കുത്തി നിന്ന അതെ സ്ഥലത്ത് .......ആ മെഴുകുതിരികളുമായി......ഞാന്‍ തനിയെ ...

ഇന്ന് എനിക്ക് പ്രാര്‍ത്ഥിക്കാന്‍.......ആഗ്രഹിക്കാന്‍ ഒന്നുമില്ലാതെ.....!!

അന്ന് നീ മെഴുകുതിരി കത്തിച്ചു വെച്ച് എന്നെ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ‍ .....
ഞാന്‍ നിന്നെ കളിയാക്കിയത് കൊണ്ടാണോ......?
അതോ... എന്റെ പ്രാര്‍ത്ഥന ശരിയായി കാണില്ലേ ?
എന്റെ ആഗ്രഹം....................അല്ല....നമ്മളുടെ   ആഗ്രഹം നിറവേറാന്‍...??

ഒരു തേയ്മാനവും സംഭവിക്കാത്ത ഓര്‍മ്മകള്‍ ....
ആ വിങ്ങിപൊട്ടല്‍ കടിച്ചമര്‍താന്‍ ......എനിക്ക് കഴിഞ്ഞില്ല.....!!
ഈ തിരിഞ്ഞു നടപ്പ് ..നിന്റെ ഓര്‍മകളില്‍ നിന്നുള്ള ഒളിച്ചോട്ടം ....

പടിപുര കടന്നതും....."എന്തെ നീ രാവിലെ എത്തും എന്ന് പറഞ്ഞതാണല്ലോ"
ഓലക്കൊടി എടുതു വെക്കുന്ന  കാര്ത്യയിനിയുടെ  അരികത്തു നിന്ന് അമ്മ യുടെ പരിഭവം കലര്‍ന്ന ചോദ്യം..

മറുപടി ഒരു ചിരിയിലൊതുക്കി........ബാഗ്‌ ഉമ്മറത്തിണ്ണയില്‍ വെച്ചു .....

ചൂടോടെയുള്ള  ചായ ........കുറച്ചു ഉന്മേഷം തന്നു.......
സ്ഥിരം വെക്കാറുള്ള സ്ഥലത്തിന്നു തന്നെ കാച്ചിയ എണ്ണയുടെ കുപ്പി എടുത്തു..........!!

കൂടുതല്‍ സമയം കുളത്തില്‍  നില്‍ക്കേണ്ട ...
വെള്ളം പെട്ടെന്ന് മാറി ദോഷം പിടിക്കേണ്ട എന്നാ അമ്മയുടെ താക്കീത്‌ ......

തോര്‍ത്ത്‌ മുണ്ടെടുത്ത് കുളക്കടവിലേക്ക് ....
കൈകള്‍ ‍ വീശി.....പായലുകള്‍ തെന്നി മാറ്റി .......
ആ തെളിഞ്ഞ വെള്ളത്തില്‍  ഒന്ന് മുങ്ങിയപ്പോ......
മനസ്സിനും ശരീരത്തിനും.....വല്ലാത്ത ഒരു സുഖം ......

അമ്മ വിളമ്പി തന്ന ചോറിനു......ഒരു  വല്ലാത്ത രുചി   തോന്നി.....

ഉമ്മറത്തെ അച്ഛന്റെ ചാര് കസേരയില്‍....വെറുതെ കിടന്നു.....

"മരുന്ന് കഴിച്ചു ഞാന്‍ കിടക്കാന്‍ പോവാ ....നീ സമയമാവുമ്പോള്‍ കിടന്നോ....വാതില് കുറ്റിയിടാന്‍ മറക്കേണ്ട ...."   ന്ന അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍........

ഉറക്കം വരുന്നില്ല ...വെറുതെ മച്ചിന്റെ അകത്തേക്ക് കടന്നു....

അവിടെ വലിയ കൃഷ്ണ വിഗ്രഹം........തൊഴുതു......

കുളിച്ചീറനായി അന്ന് അവള്‍ പ്രാര്‍ത്ഥിക്കാന്‍ നിന്നപ്പോള്‍ ...പിറകില്‍ ചെന്ന് അവളെ കെട്ടിപ്പിടിച്ചതും.....
പിന്കഴുത്തില്‍ ഉമ്മ വെച്ചതും........
"ദൈവത്തിന്റെ മുന്നില്‍ വെച്ച് വേണ്ടാതീനം കാണിക്കരുത് ട്ടോ" എന്നാ അവളുടെ താക്കീതും...... നാണത്തോടെ യുള്ള  അവളുടെ തിരിഞ്ഞു പോക്കും......

ഇത്രയധികം സ്നേഹിച്ചത് കൊണ്ടാണോ ദൈവമേ.......അവളെ നീ ......എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയത്...?

കൊതുവല ഇട്ട കട്ടിലില്‍ എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ....ഉറക്കം വന്നതേ ഇല്ല......!!

ടെറസ്സിന്റെ മുകളില്‍ പോയി......കുരുമുളക് ഉണക്കാന്‍ വെച്ച ഓല പായ എടുത്തിട്ട് അതില്‍ മാനം നോക്കി കിടന്നു......

അപ്പൊ ഞാന്‍ കണ്ടു....മാനത്തെ നക്ഷത്ര കൂട്ടത്തില്‍.....ഒരു തിളങ്ങുന്ന നക്ഷത്ര മായി....നീ എന്നോട് കണ്ണ് ചിമ്മിയത്..... ...?
അതോ.......എന്റെ വേദന കാണാന്‍ വയ്യാതെ നീ കണ്ണടച്ച്ചതോ..?
നിന്നെ നോക്കികിടന്ന .........ഞാന്‍ അറിഞ്ഞൂ....!!
ഒരു തുള്ളി ജലകണം എന്റെമുഖതില്‍പതിഞ്ഞതും .....അതെന്റെ കണ്ണുനീരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും ....അടുത്ത നിമിഷത്തില്‍ തന്നെ അത് ഒരു പേമാരി ആയി രൂപാന്തരപ്പെട്ടതും ..... ഞാന്‍ ആ മഴയില്‍ ഇല്ലാതായതും   .......... 

May 10, 2012

ഓര്‍മയില്‍ ഒരു കര്‍ക്കിടകം


വയലിലും വഴിയിലും തുള്ളിക്കൊരുകുടം നിറച്ചു കര്‍ക്കിടകമാസം.....
വീണ്ടും ....ഓര്‍മകളുടെ ബാല്യതിലേക്കു   പിടിച്ചു വലിക്കുന്ന കര്‍ക്കിടകകതുള്ളികള്‍ ...
................................................................
അന്നൊക്കെ മഴ കൊണ്ടുവന്നിരുന്നത് ..ഉല്‍സഹതിന്റെ   ഒരു ഉത്സവം ആണ്
മഴ പ്രമാണിച്ച് നേരത്തെ വിടുന്ന സ്കൂള്‍ ....
ചെളിവെള്ളം തെറിപ്പിച്ചു കുണ്ടും കുഴിയും ചാടിക്കടന്നു വീട്ടിലേക്കുള്ള മടക്കയാത്ര ..
അമ്മയുണ്ടാക്കി വെക്കുന്ന ചൂടാറാത്ത കാപ്പിയുടെയും മധുര കിഴങ്ങ്  പുഴുങ്ങിയതിന്റെയും  ഓര്മ ..
....................................................................................
അന്നും വൈകുന്നേരം സ്കൂള്‍  വിടരായ പ്പോഴേക്കും ഒരു വലിയ മ ഴ പെയ്തു തോന്ര്‍ന്നിരുന്നു 
ക്ലാസ്സ്‌നേരത്തെ വിട്ടു....സ്കൂളില്‍ നിന്നും  വീട്ടിലേക്കുള്ള   യാത്ര
രണ്ടു ഭാഗത്തും ക്ലിപ്പ് ഉള്ള ......ബുക്കും പെന്നും  ഒക്കെ ഒതുക്കി വെക്കാന്‍ പറ്റുന്ന .....
അലൂമിനിയം പെട്ടി അന്ന് കൂടെ പഠിച്ച വളരെ  കുറച്ചു പേര്‍ക്കെ ഉണ്ടായിരുന്നുള്ളൂ ....
....................................................................................
ഞങ്ങളൊക്കെ പിശുക്കന്‍  അനീപ്പ   എന്ന്  ഇരട്ട പേരുള്ള     ഹനീഫ യുടെ കടയില്‍ നിന്നും വാങ്ങിക്കുന്ന മണ്ണ് നിറമുള്ള ക്കടലാസു കൊണ്ട് ബുക്ക്‌ പൊതിഞ്ഞ്‌...
അതിനു നേരുകെ ഒരു വീതിയുള്ള റബ്ബര്‍  ബാന്‍ഡ്  ഇട്ട ... 
പിന്നെ മയാവിയുടെയോ കുട്ടൂസന്റെയോ അല്ലെങ്കില്‍ ഡാകിനി അമ്മൂമ്മയുടെയോ പടമുള്ള  നെയിം  സ്ലിപ്  ഒട്ടിച്ച .......
അങ്ങിനെ യുള്ള ഒരു കെട്ടു പുസ്തകം...അത് നനഞ്ഞും നനയതെയും കുടയാക്കിയും  കൂവി  വിളിച്ചും 
മഴയെ ആഘോഷമാക്കി  .... ...എല്ലാവരും....വീട്ടിലേക്ക്‌
..............................................
ഞങ്ങള്‍ എന്ന്  പറഞ്ഞാല്‍ ......കൃഷ്ണന്‍..മേലത്തെ ദാസന്‍ ...കിഴക്കേടത്തെ സനീഷ്..... കുന്നുപുറത്തെ അഷറഫ്  ......എന്റെ ഗ്യാന്ഗ്   
പാടത്തിനു നടുവിലൂടെയുള്ള  വരമ്പില്‍ കൂടി  ഒരു കിലോമീറ്റര്‍  നടക്കണം വീട്ടിലെത്താന്‍ ......
പാടത്തിന്റെ അരികിലൂടെ ഒരു കൈതോടാണ്......
വരി വരി യായി അനുസരണയുള്ള കുട്ടികളെ പോലെ കവുങ്ങിന്‍ മരങ്ങള്‍.......
അതില്‍ കോമ്പസ്സ് കൊണ്ട് പേരെഴുതി ........
പാട വരംപിനിടക്കുള്ള   അട്ടംകിടായ (വെള്ളം ഒരു പാടത് നിന്നും അടുത്ത പാടതിലേക്ക് ഒഴുക്കാനുള്ള വഴി ) കടന്നു
അവിടെ മിക്കവാറു പന പാത്തി ആയിരിക്കും പാലം ആയി ഉപയോഗിക്കുന്നത് ..(പന മരത്തിന്റെ തടി നേരുകെ മുറിച്ചത് ).
ചെളി വെള്ളം തെറുപ്പിച്ചും അടികൂടിയും ഉള്ള മടക്കയാത്രയില്‍ ....
എതിരെ വരുന്ന അറവുകാരന്‍ കണ്ണില്‍ പെട്ടു ....
അറവു വീരാന്‍ .....  പിന്നാലെ വരുന്ന പശുവിനെയും അതിനു പിന്നാലെ വേറെ രണ്ടു പേരെയും .....
കടന്നു പോകാന്‍ അനുവദിച്ചു ഞങ്ങള്‍ കുട്ടികള്‍ നടവരമ്പില്‍ നിന്നും താഴെ വരമ്പിലേക്ക്‌ ഇറങ്ങി നിന്നു ,.......
...............................................................................................................................
എന്നെ പിന്നിട്ടു പോയ പശുവിനെ വീരാന്‍
എത്ര കയര്‍ വലിച്ചിട്ടും അവിടെ തന്നെ നിന്നപ്പോള്‍........ എന്റെ കണ്ണുകള്‍ ദൈന്യത നിറഞ്ഞ
ആ മിണ്ടാപ്രാണിയുടെ രൂപത്തില്‍ ഉടക്കി .... ഒരു നിമിഷം..!!!
എന്റെ കുട്ടിമാളു...!! എന്റെ കുട്ടിമാളുനെ ആര്‍ക്കോ  കൊടുത്തു എന്ന സത്യം ....
അവള്‍ എന്റെ മുഖത്ത്   നോക്കിയപ്പോള്‍ ഉള്ള ആ ദയനീയത........
ഇനി നീ എന്നെ കാണില്ല എന്നായിരുന്നോ........അതോ.....നീ എന്തിനാണ് എന്നെ അറവു വീരാന്   കൊടുത്തത് എന്നതായിരുന്നോ
എന്ന് എനിക്ക് അപ്പോള്‍ മനസ്സിലായിരുന്നില്ല........
-----------------------------------------------------------------------------------
അവിടെ നിന്നും ഓടിയ എന്റെ ഓട്ടം നിന്നത് അടുക്കളയിലെ അടുപ്പിനടുത്ത്
ഓലക്കൊടി അടുപ്പിലെക്കിട്ടു പുകമറയില്‍ നില്‍ക്കുന്ന അമ്മയുടെ പുറകിലായിരുന്നു...
" കുട്ടിമാളു എങ്ങോട്ടാ പോകുന്നത് ".........
അടുത്ത് വന്നു സാരി തലപ്പുകൊണ്ട് എന്റെ നനഞ്ഞ തല തുടച്ചുകൊണ്ട്....
"അച്ഛന്‍ കുട്ടി മാളുവിനെ  വിറ്റു" എന്നാ അമ്മയുടെ മറുപടി .......
കൈ തട്ടി മാറ്റി തോഴുതിനടുതെക്ക് ഓടിയ എനിക്ക് കാണാന്‍ ഒഴിഞ്ഞ   തൊഴുതേ    ഉണ്ടായിരുന്നുള്ളൂ...!!
--------------------------------------------------------------------------------------
അച്ഛന്‍ പാല് കറക്കുന്ന സമയത്തു ഈച്ച കടിക്കുമ്പോള്‍ അവള്‍ വാല് ആട്ടതിരിക്കാന്‍....
ഈച്ചയെ ആട്ടികൊടുക്കുന്ന ജോലി എനിക്കായിരുന്നു......
അവള്‍ക്കു  ഏറ്റവും  ഇഷ്ടം  ഉണ്ടായിരുന്ന  നീലയുടെ ഇളം  പച്ചപ്പുല്ല്  ......
ദൂരെ  മേലെ പറമ്പില്‍ നിന്നും  കൊണ്ട്  വരുന്നത്   കാണുമ്പോഴേ  അവള്‍  കഴുത്  പുറത്തേക്കു  ഇട്ടു നോക്കി നില്‍ക്കുമായിരുന്നു.....  
ഇനി ആ  ഓര്‍മകള്‍ ഒക്കെയും ....
കുട്ടി മാളുവിനെ  പോലെ വിട്ടകലും ഇനി   .......
.................................................................................................................
പിന്നീടുള്ള  ഒരുപാട്  ദിവസങ്ങളില്‍   എന്റെ  കണ്ണുകള്‍ വീരാനേ തിരഞ്ഞിരുന്നു......വെറുതെ ......ഇപ്പൊ  അവള്‍ എവിടെ യാണെന്ന്   ചോദിയ്ക്കാന്‍.....
.............................................................................................................................
കുട്ടിമാളുവിനെ കൊടുക്കുന്നത് അച്ഛന്‍ എന്തെ എന്നോട് പറഞ്ഞില്ല ...?
ഞാന്‍ കുട്ടി ആയതു കൊണ്ടാണോ..?
അതോ അനുവദിക്കില്ല   എന്ന് തോന്നിയിരിക്കുമോ ...?
വഴിയില്‍ വെച്ച്  എന്നെ  കണ്ടപ്പോഴുള്ള  അവളുടെ  ആ ദയനീയ നോട്ടതോടെയുള്ള    യാത്ര പറച്ചില്‍......... ....
അതെന്റെ മനസ്സില്‍ ഒരു പാട് ദിവസം മായാതെ നിന്നിരുന്നു,,,,,
അത്...ഒരു കര്‍ക്കിടക മേഘം പോലെ ഉള്ളില്‍ നിറഞ്ഞു നിന്നൂ ....
 പെയ്യാതെ ....!!